ഇസ്രയേലിലേക്കുള്ള ആയുധകടത്ത്;വിസമ്മതിച്ച് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികള്‍

ലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലയില്‍ തങ്ങള്‍ പങ്കാളികളാവില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി ഇറ്റാലിയന്‍ തുറമുഖത്തിലെ തൊഴിലാളികള്‍. ലിവര്‍നോ നഗരത്തിലെ ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികളാണ് ഇസ്രായേല്‍ തുറമുഖമായ അഷ്‌ദോഡിലേക്കുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും കയറ്റി അയയ്ക്കാന്‍ വിസമ്മതിച്ചത്.  പലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നതില്‍ ലിവര്‍നോ തുറമുഖം പങ്കാളിയാവില്ലെന്ന് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികളുടെ ട്രേഡ് യൂനിയനായ എല്‍ യുനിയോണ്‍ സിന്‍ഡാകേല്‍ ഡി ബേസ്(യുഎസ്ബി) വ്യക്തമാക്കി. പലസ്തീനിലെ സിവിലിയന്മാരെ കൊല്ലാന്‍ സഹായിക്കുന്ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കപ്പലില്‍ അടങ്ങിയിട്ടുണ്ടെന്നും യുഎസ്ബി കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ ശക്തമായ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം നൂറുകണക്കിന് സാധാരണക്കാരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ മേഖലകളിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിര്‍ത്തിവയ്ക്കണമെന്ന് സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആയുധ കപ്പല്‍ ഒടുവില്‍ നേപ്പിള്‍സിലേക്കുള്ള യാത്ര ആരംഭിച്ചു. അതിനിടെ, മറ്റു തുറമുഖങ്ങളിലെ തൊഴിലാളികള്‍ കപ്പലില്‍ ആയുധ കയറ്റുമതി തുടരുന്നത് തടയാന്‍ ഏകോപനശ്രമം തുടങ്ങിയിട്ടുണ്ട്. ഗസയിലും മറ്റും ഫലസ്തീനികള്‍ക്കെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഈ ആഴ്ച വിവിധ ഇറ്റാലിയന്‍ നഗരങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.

 

Top