ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ്

തെല്‍അവീവ്: ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ്. രണ്ടു മാസം കൂടി ആക്രമണം തുടരുമെന്നാണു പ്രഖ്യാപനം. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനോടാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ ആവശ്യപ്പെട്ടു.

ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്. ഇന്ന് ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ സുരക്ഷിതമായ ഒരു ഇടവുമില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ദോഹ ഫോറത്തില്‍ പങ്കെടുത്ത് ഫലസ്തീന്‍ പ്രധാനമന്ത്രി ഇഷ്തയ്യ ആവശ്യപ്പെട്ടു. നാളത്തെ കാര്യമല്ല, ഇന്നു തന്നെ ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുരുതിയും കൂട്ടക്കൊലയും നിര്‍ത്തിവയ്ക്കണം. 75 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ അധിനിവേശം അവസാനിപ്പിക്കാന്‍ യു.എന്‍ തന്നെ മുന്നിട്ടിറങ്ങണം. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കാതെ മുന്നോട്ടുപോകുകയാണെങ്കില്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഈ കുരുതിയില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേര്‍ത്തു.അതീവ ദുരന്തസമാനമായ സാഹചര്യത്തിലാണ് ഗസ്സയുള്ളതെന്ന് യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി തലവന്‍ ഫിലിപ്പ് ലാസറീനി പറഞ്ഞു. ഗസ്സയിലെ 36 ശതമാനം കുടുംബങ്ങളും കടുത്ത പട്ടിണിയിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമും അറിയിച്ചു.

Top