യുഎഇയും ബഹ്‌റൈനുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ച് ഇസ്രയേല്‍

വാഷിങ്ടണ്‍: യുഎഇയും ബഹ്റൈനുമായി ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ച് ഇസ്രയേല്‍.
വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാറില്‍ ഒപ്പുവച്ചപ്പോള്‍, ബഹ്റൈനുവേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനിയും സമാധാന ഉടമ്പടിയുടെ ഭാഗമായി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇയും ബെഹ്റൈനും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തിയത്.

കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു.

ഇസ്രയേലുമായി യുഎഇയും ബെഹ്റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും.

Top