ഇറാന്‍ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേല്‍

ഇറാന്‍ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേല്‍. സൈനികരോട് ഏതൊരു സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന് പ്രതിരോധ മന്ത്രി നിര്‍ദേശിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായി ചേര്‍ന്ന് സൈനിക പരിശീലനത്തിനും ഇസ്രായേല്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

എന്തുവില കൊടുത്തും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെ നീക്കം. കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയ ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ഇറാനു മേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

യു.എസ് അനുമതി ലഭിച്ചാല്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണത്തിന് സജ്ജമാണെന്നാണ് ഇസ്രായേല്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത സൈനിക പരിശീലനത്തിനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഇറാന്റെ പശ്ചിമ പ്രവിശ്യയില്‍ സൈനിക വിന്യാസം നടക്കുന്നതായി അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാല്‍ അതോടെ ഇസ്രായേലിന്റെ അവസാനം കുറിക്കുമെന്ന് ഇറാനും താക്കീത് ചെയ്തു.

2015 ലെ ആണവ കരാര്‍ പുനസ്ഥാപിക്കാന്‍ അമേരിക്ക ഒഴികെയുള്ള വന്‍ശക്തി രാജ്യങ്ങളുമായുള്ള വിയന്ന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഇസ്രായേലിന്റെ യുദ്ധഭീഷണി. 2015ല്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളില്‍ ഊന്നി വേണം കരാറെന്ന ഇറാന്റെ ഉപാധി യു.എസ് തള്ളി. ഈ സാഹചര്യത്തില്‍ വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യന്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായേക്കും.

Top