ന്യൂജെന്‍ യുദ്ധടാങ്കറുകള്‍ പുറത്തിറക്കി ആയുധനിര്‍മ്മാണ വമ്പന്മാരായ ഇസ്രായേല്‍

ജെറുസലേം: നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെന്‍സറുകളടക്കം ഘടിപ്പിച്ച് അത്യാധുനിക യുദ്ധടാങ്കുകള്‍ അവതരിപ്പിച്ച് ആയുധനിര്‍മ്മാണ വമ്പന്മാരായ ഇസ്രായേല്‍. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇസ്രായേല്‍ ന്യൂജെന്‍ ടാങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ടാങ്കുകള്‍ കഴിഞ്ഞദിവസം യു.എസ്. സൈനിക പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

അത്യാധുനിക സജ്ജീകരണങ്ങളുള്ള പുതിയ ടാങ്കുകളില്‍ വലിയ ടച്ച് സ്‌ക്രീനുകളാണ് ഘടിപ്പിച്ചിരുന്നത്. 360 ഡിഗ്രി കാഴ്ചയും ഉറപ്പുവരുത്തുന്നു. ഓട്ടോണോമസ് ഡ്രൈവിങിന് സൗകര്യമുള്ള ടാങ്കുകളില്‍ നിരവധി ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാനും എളുപ്പമായിരിക്കും. നിര്‍മിതബുദ്ധിയുടെ സഹായവും ഇതിന് ഉപയോഗപ്പെടുത്തുന്നു. വീഡിയോ ഗെയിം കളിക്കുന്ന കണ്‍ട്രോളറിന് സമാനമായി ടാങ്ക് നിയന്ത്രിക്കാമെന്നതും സവിശേഷതയാണ്. നിലവിലെ ടാങ്കറുകളില്‍ നാല് സൈനികരുടെ സേവനം ആവശ്യമുണ്ടെങ്കില്‍ ന്യൂജെന്‍ ടാങ്കുകളില്‍ രണ്ടുസൈനികര്‍ മാത്രം മതിയാകും.

സര്‍ക്കാരിന്റെ കീഴിലുള്ള ഇസ്രായേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസ്, റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, എല്‍ബിറ്റ് സിസ്റ്റംസ് എന്നീ കമ്പനികള്‍ക്കാണ് ഇസ്രായേല്‍ ആഭ്യന്തരമന്ത്രാലയം ടാങ്കുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

പുതിയ ടാങ്കുകള്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിപ്ലവകരമായ ആശയമാണെന്നായിരുന്നു ഇസ്രായേല്‍ മിലിട്ടറി റിസര്‍ച്ച് തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ യാനിവ് റോട്ടേമിന്റെ പ്രതികരണം. മൂന്നുകമ്പനികളും നിര്‍മിച്ച പുതിയ ടാങ്കുകള്‍ കഴിഞ്ഞദിവസം യു.എസ്. സൈനിക പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. താമസിയാതെ മറ്റുരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുന്നിലും ഈ ടാങ്കുകള്‍ പ്രദര്‍ശിപ്പിക്കും.

Top