ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ

ഗാസക്ക് നേരെ കഴിഞ്ഞ 11 ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടിയെത്തിയ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലും സയണിസ്റ്റ് ബോംബുകള്‍ പതിച്ചതോടെ, അവിടെ കത്തിച്ചാമ്പലായത് 500-ലേറെ ജീവനുകള്‍. നിരപരാധികളായ പലസ്തീനികള്‍ കൊല്ലപ്പെടുമ്പോഴും ലോക നേതാക്കളും മെറ്റ, ഗൂഗിള്‍ അടക്കമുള്ള ടെക് പ്ലാറ്റുഫോമുകളും ഇസ്രായേലിന് പിന്തുണയറിയിക്കുന്ന തിരക്കിലാണ്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ ആപ്പുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയും ഇസ്രയേലും അവിടുത്തെ ജനതയും നേരിട്ട ‘ഭീകരാക്രമണത്തെ’ അപലപിച്ചു. എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട നിരപരാധികളായ പലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ച് ഒന്നും മിണ്ടാത്തതിന്റെ പേരില്‍ ഇരുവരും വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി.

ഗൂഗിളിന്റെ ഇസ്രായേല്‍ ഓഫീസിലെ 2000-ത്തോളം ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയറിയിച്ചുകൊണ്ടായിരുന്നു സുന്ദര്‍ പിച്ചൈ ആദ്യം രംഗത്തുവന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ”ഈ വാരാന്ത്യത്തില്‍ ഇസ്രായേലില്‍ നടന്ന ഭീകരാക്രമണങ്ങളിലും രൂക്ഷമാകുന്ന സംഘര്‍ഷങ്ങളിലും അഗാധമായ ദുഃഖമുണ്ട്. ഗൂഗിളിന് ഇസ്രായേലില്‍ രണ്ട് ഓഫീസുകളിലായി 2,000-ത്തിലധികം ജീവനക്കാരുണ്ട്. അവര്‍ അനുഭവിക്കുന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശനിയാഴ്ച മുതല്‍ ഞങ്ങളുടെ അടിയന്തര ശ്രദ്ധ ജീവനക്കാരുടെ സുരക്ഷയിലാണ്. എല്ലാ പ്രാദേശിക ജീവനക്കാരുമായും ബന്ധപ്പെട്ടു, അവരെ പിന്തുണയ്ക്കുന്നത് തുടരും. – സുന്ദര്‍ പിച്ചൈ കുറിച്ചു. പിന്നാലെ, ജൂതവിരുദ്ധതയുമായി(antisemitism) ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ‘ഈ ഭയാനകമായ നിമിഷത്തില്‍ യഹൂദ വിരുദ്ധതയ്ക്കെതിരെ ശബ്ദിക്കേണ്ടതും നിലകൊള്ളേണ്ടതും പ്രധാനമാണ്. അത് ഒരിക്കലും സ്വീകാര്യമല്ല. ഈ ചരിത്രപരമായ തിന്മയെ അപലപിക്കാനും അവബോധം വളര്‍ത്താനുമുള്ള ഈ പ്രതിബദ്ധതയില്‍ ഒപ്പിടുന്നതില്‍ അഭിമാനിക്കുന്നു’. – ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍, പലസ്തീനെ കുറിച്ചോ, പലസ്തീനില്‍ നിന്നുള്ള ഗൂഗിളിന്റെ ജീവനക്കാരെ കുറിച്ചോ സി.ഇ.ഒ ഒരുവാക്ക് പോലും പറയാതിരുന്നതിനെതിരെ പലരും രംഗത്തുവരികയുണ്ടായി. ‘എന്റെ മുന്‍ തൊഴില്‍ദാതാവായ ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ ആഴ്ച പലസ്തീനിലെ സംഭവങ്ങളെക്കുറിച്ച് രണ്ടുതവണ പോസ്റ്റുകള്‍ പങ്കുവെച്ചു. ആദ്യം ഗൂഗിള്‍ ഇസ്രായേല്‍ ഓഫീസുകളിലെ ഇസ്രായേലി തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തേത് യഹൂദവിരുദ്ധതക്കെതിരായുള്ള പോസ്റ്റും. എന്നാല്‍ പലസ്തീനികളെക്കുറിച്ചോ പലസ്തീനിയന്‍ ഗൂഗിള്‍ ജീവനക്കാരെക്കുറിച്ചോ ഒരു വാക്കുമില്ല, ‘ആന്റിസെമിറ്റിസത്തിനെതിരായ സുന്ദര്‍ പിച്ചൈയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഏരിയല്‍ കോറന്‍ എന്ന മുന്‍ ഗൂഗിള്‍ ജീവനക്കാരി X-ല്‍ പോസ്റ്റ് ചെയ്തു.

ഗൂഗിളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ #NoTechforApartheid എന്ന മുദ്രാവാക്യത്തോടെ ഇസ്രായേല്‍ സൈന്യത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നത് നിര്‍ത്താന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടപ്പോള്‍ ‘സുന്ദര്‍’ ഒന്നും പറഞ്ഞില്ല. ഒരാഴ്ചയ്ക്കുള്ളില്‍ സൈന്യം 2,000-ലധികം ഗാസക്കാരെ കൊല്ലുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും അല്ലെങ്കില്‍ മരണം വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങള്‍കൊന്നും പറയാനില്ലേ..? എന്നും അവര്‍ ചോദിച്ചു.

ഏരിയല്‍ കോറന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും എക്സിന്റെ 4 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. പലരും അവരുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തുവരുന്നുണ്ട്. എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, ജീവനക്കാര്‍ക്കായി രണ്ടാമതൊരു ‘ഇന്റേണല്‍ ഇ-മെയിലു’മായി ഗൂഗിള്‍ സി.ഇ.ഒ എത്തി. പുതിയ ഇ-മെയിലില്‍, രണ്ട് പ്രത്യേക പാരഗ്രാഫുകളിലായി ഗൂഗിളിലെ ജൂത ജീവനക്കാര്‍ക്കും പലസ്തീനിയന്‍, അറബ്, മുസ്‌ലിം ജീവനക്കാര്‍ക്കുമുള്ള പിന്തുണയും അവരുടെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ച് സുന്ദര്‍ പിച്ചൈ രംഗത്തുവന്നിട്ടുണ്ട്.

”ഇസ്രായേലിലെ ഗൂഗിളര്‍മാര്‍ ഇപ്പോഴും സുരക്ഷിതമായ ഇടങ്ങളില്‍ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ടെല്‍ അവീവ്, ഹൈഫ ഓഫീസുകളില്‍ ഷെല്‍ട്ടറുകള്‍ ഉണ്ട്, അവ ആവശ്യമുള്ള ഗൂഗിളര്‍മാര്‍ക്കായി തുറന്നിരിക്കുന്നു,” -പിച്ചൈ അറിയിച്ചു. ‘ ഇസ്ലാമോഫോബിയയുടെ വര്‍ധനവ് തങ്ങളുടെ പലസ്തീന്‍, അറബ്, മുസ്‌ലിം ജീവനക്കാരെ ആഴത്തില്‍ ബാധിക്കുന്ന’തായും യുദ്ധത്തിനും മാനുഷിക പ്രതിസന്ധിക്കും ഇടയില്‍ ഗാസയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് കടുത്ത നാശനഷ്ടവും ജീവഹാനിയും നേരിടേണ്ടിവരുന്നത് ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു. ഇസ്രായേലിലും, ഗാസയിലും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നോണ്‍-പ്രൊഫിറ്റ് സ്ഥാപനങ്ങള്‍ക്ക് കമ്പനി 8 മില്യണ്‍ ഡോളര്‍ ഗ്രാന്റായി നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

Top