ഇന്ത്യന്‍ വിനോദ സഞ്ചാരികളെക്കാത്ത് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം

2018-19 വര്‍ഷത്തില്‍ 90,000 വിനോദ സഞ്ചാരികളെയാണ് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം. കഴിഞ്ഞ കാലയളവില്‍ 60,000 ഇന്ത്യക്കാരാണ് ഇസ്രയേലില്‍ സന്ദശനം നടത്തിയത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി. 2017-18 കാലയളവില്‍ ആകെ സന്ദര്‍ശനം നടത്തിയ മൂന്ന് മില്യണ്‍ ആളുകളില്‍ 60,000 പേര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. ഇനിയും ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ ടൂറിസം മന്ത്രാലയം ഡയറക്ടര്‍ ഹസ്സന്‍ മദാ പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യാക്കാരുടെ സന്ദര്‍ശനം കുറഞ്ഞതിന്റെ കാരണം സുരക്ഷയെ സംബന്ധിച്ച വാര്‍ത്തകളാണെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. രാജ്യം സുരക്ഷിതമാണെന്ന കാര്യം ആരും തുറന്നു പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറിയിട്ടുണ്ട്. ഇന്ന് വിമാന സര്‍വ്വീസുകള്‍ കൂടിയെന്നും ഡല്‍ഹിയെയും ഇസ്രയേലിനെയും ബന്ധിപ്പിക്കുന്ന നിരവധി സര്‍വ്വീസുകള്‍ പുതുതായി ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ വിമാന കമ്പനികള്‍ ഇസ്രയേലും മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജറുസലേമും ചാവുകടലുമാണ് ഇസ്രയേലിലെ മറ്റ് പ്രധാനപ്പെട്ട വിനോദ സഞ്ചാര ഇടങ്ങള്‍. രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനം പേരും ഇന്ത്യക്കാരാണ്. പുതുതായി തുടങ്ങുന്ന നിരവധി സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഇന്ത്യക്കാരാണ് ഏറ്റവുമധികം ഉള്ളത്. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ വംശജരാണ് ഇസ്രായേലിലുള്ളത്. പലരും ഇന്ന് ജൂത വിഭാഗത്തില്‍ ഉള്ളവരാണ്.

Top