ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണം;യു.എന്‍.രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേല്‍ തള്ളി

യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എന്‍ രക്ഷാമസമിതി പാസാക്കി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വിട്ടുനിന്നു. അതേസമയം, യു.എന്‍.രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേല്‍ തള്ളി.
ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളേയും, പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.

‘സൈനിക ടാങ്കുകളടക്കം ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറി. എല്ലായിടത്തുനിന്നും വെടിയൊച്ച കേള്‍ക്കാമായിരുന്നു. എല്ലാവരും കീഴടങ്ങണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു’ -ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ അതിക്രമിച്ചുകയറി ഇസ്രായേല്‍ സേന നടത്തിയ ഭീകരത എമര്‍ജന്‍സി വിഭാഗം ജീവനക്കാരനായ ഉമര്‍ സാകൂത്ത് വിവരിച്ചു. രോഗികളെയടക്കം അവര്‍ പിടികൂടി ക്രൂരമായി മര്‍ദിച്ചു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് ബോംബിട്ട് തകര്‍ത്തു. കുട്ടികളും സ്ത്രീകളുമടക്കം ചകിതരായി ഓടുന്ന കാഴ്ചയായിരുന്നു എല്ലായിടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top