അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കണം; ഒമാന്‍

താല്‍ക്കാലിക ഇടവേളക്കുശേഷം ഗസ്സയില്‍ വീണ്ടും ആക്രമണം പുനരാരംഭിച്ച ഇസ്രായേല്‍ നടപടിയെ ഒമാന്‍ അപലപിച്ചു. ഗസ്സ മുനമ്പിനെതിരെ ഇസ്രായേല്‍ അധിനിവേശ സേന ആക്രമണം പുനരാരംഭിച്ചതിനെതിരെയും പലസ്തീന്‍ ജനതക്കെതിരെ അവര്‍ പിന്തുടരുന്ന വംശഹത്യ നയത്തെയും ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയാണ്. പലസ്തീന്‍ ജനതയെ സംരക്ഷിക്കുകയും അവരുടെ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യണം. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനത്തിന് ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇസ്രായേലും ഹമാസും നിലപാട് കടുപ്പിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. അവശേഷിച്ച ബന്ദികളെ വിടണമെങ്കില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഹമാസ്. അതേ സമയം വെടിനിര്‍ത്തല്‍ ചര്‍ച്ച പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഖത്തറും ഈജിപ്തും അറിയിച്ചു.

Top