ഇസ്രായേലില്‍ സൈനിക ആക്രമണം; രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനിക താവളത്തിന് നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ചപ്പോഴാണ് രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പലസ്തീനിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ലോ എന്നറിയപ്പെടുന്ന വീടുകളില്‍ നിര്‍മിക്കുന്ന സബ് മെഷീന്‍ ഗണ്ണുമായാണ് പലസ്തീനികള്‍ ജെനിന്‍ നഗരത്തിനടുത്തുള്ള സേലം സൈനിക താവളത്തെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3 പലസ്തീനികള്‍ ബേസ് മെയിന്‍ ഗേറ്റില്‍നിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ പൊലീസ് പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തി പൊലീസും ഇസ്രായേല്‍ സൈനികരും ഇവരെ വെടിവച്ച് കൊല്ലുകയും ആക്രമണം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇസ്രയേലിന്റെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധിനിവേശ കിഴക്കന്‍ ജറുസലേമിനെച്ചൊല്ലി സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് അക്രമങ്ങള്‍ നടക്കുന്നത്.

Top