ഇസ്രായേല്‍ സൈനിക ഡ്രോണ്‍ വടക്കന്‍ ഗസയില്‍ തകര്‍ന്നു വീണു

ഗസാ സിറ്റി: ഇസ്രായേല്‍ സൈനിക ഡ്രോണ്‍ (ആളില്ലാ വിമാനം) വടക്കന്‍ ഗസയില്‍ തകര്‍ന്നു വീണെന്ന് സമ്മതിച്ച് ഇസ്രയേല്‍ സൈന്യം. വാര്‍ത്താ ഏജന്‍സിയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡ്രോണില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് അവിചെ അഡ്രെയ് ട്വീറ്റ് ചെയ്തു. അതേസമയം, തങ്ങളുടെ സംഘം ഡ്രോണ്‍ പിടിച്ചെടുത്തതായി ഗസയിലെ ഒരു പോരാട്ട സംഘത്തില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത വ്യക്തി വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിവരികയാണ്. പലസ്തീന്‍ പ്രതിരോധ സംഘങ്ങള്‍ ഗസയില്‍ നിന്ന് ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനു പിന്നാലെയാണിത്. ജറുസലേമിലെ പഴയ നഗരത്തിലെ ഡമാസ്‌കസ് ഗേറ്റ് പ്രദേശത്ത് ഒത്തുകൂടുന്നത് തടയാന്‍ ശ്രമിച്ച പലസ്തീനികളും ഇസ്രായേല്‍ സേനയും തമ്മില്‍ ജറുസലേമില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗസയിലെ സംഭവവികാസങ്ങള്‍ നടന്നത്. റോക്കറ്റ് ആക്രമണം തുടരുകയാണെങ്കില്‍ ഗസയെ ആക്രമിക്കാന്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിനും തിങ്കളാഴ്ച അനുമതി നല്‍കി.

Top