സിറിയയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രണം നടത്തി ഇസ്രയേൽ

ഡമാസ്കസ് : ഹമാസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം. വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പോ, ഡമാസ്കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയയിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിലെ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ റണ്‍വേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആലപ്പോ വിമാനത്താവളത്തിലെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെങ്കിലും ജീവഹാനിയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡമാസ്കസ് വിമാനത്താവളത്തിലെ ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നാലെ ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

12 വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളെയും ഹിസ്ബുള്ളയെയും ലക്ഷ്യംവെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയിട്ടുള്ളത്. ഗാസ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേല്‍ സിറിയക്കുനേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

Top