പെഗാസസ് നിർമാതാക്കളിൽ നിന്നകന്ന് ഇസ്രായേൽ സര്‍ക്കാര്‍

ജറൂസലം: യു.എസ് ഭരണകൂടം കരിമ്പട്ടികയില്‍പ്പെടുത്തിയതിന് പിന്നാലെ പെഗസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പില്‍ നിന്നും അകന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യാര്‍ ലാപിഡ് ആണ് ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്. എന്‍.എസ്.ഒ ഒരു സ്വകാര്യ കമ്പനിയാണെന്നും സര്‍ക്കാര്‍ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ഇസ്രായേലി സര്‍ക്കാറിന്റെ നയങ്ങളുമായി യാതൊരു ബന്ധവുമില്ല- ജറൂസലമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാപിഡ് പറഞ്ഞു. ഇത്രയും കര്‍ശനമായ സൈബര്‍നിയമങ്ങള്‍ ഉള്ള മറ്റൊരു രാജ്യം ലോകത്ത് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഇസ്രായേല്‍ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് വാണിജ്യ വകുപ്പ് ബുധനാഴ്ചയാണ് എന്‍.എസ്.ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇതിന് ശേഷം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് വരുന്ന ആദ്യ പ്രതികരണമാണ് ലാപിഡിന്റെത്.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈസന്‍സിന് കീഴിലാണ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് അയച്ചിരുന്നത്. ചാര സോഫ്റ്റ്വെയര്‍ ദുരുപയോഗം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജ്യം അന്വേഷണം ആരംഭിച്ചിരുന്നു.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിലും വിഷയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

 

Top