ഗാസയില്‍ ആക്രമണങ്ങള്‍ കടുപ്പിച്ച് ഇസ്രയേല്‍

ഗാസയില്‍ ആക്രമണങ്ങള്‍ കടുപ്പിച്ച് ഇസ്രയേല്‍. ഖാന്‍ യൂനിസ്, റഫ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ തുടരുകയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ മണിക്കൂറുകള്‍ കഴിയുന്തോറും കൂടുതല്‍ വഷളാവുകയാണെന്ന് ഗാസയിലെ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഹമാസുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ഗാസയില്‍ എത്തിച്ചേരുന്ന മാനുഷിക സഹായം വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ ആളുകള്‍ തെക്കോട്ട് നീങ്ങുമ്പോള്‍ ജനസാന്ദ്രതയേറിയ തെക്കന്‍ പ്രദേശത്തെ ആരോഗ്യ സംവിധാനത്തിന്റെ ദുര്‍ബലതയെക്കുറിച്ച് ലോകാരോഗ്യ സംഘടന വളരെയധികം ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി.”വര്‍ദ്ധിച്ചുവരുന്ന മാനുഷിക ദുരന്തത്തെയാണ് നമ്മള്‍ ഇപ്പോള്‍ നോക്കി കൊണ്ടിരിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 15,900 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിന്റെ ആദ്യ സമയങ്ങളില്‍ തെക്കന്‍ ഗാസ കൂടുതല്‍ സുരക്ഷിതമായ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെക്കന്‍ ഗാസയിലാണ് ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണം കനപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ തെക്കന്‍ ഗാസയും വിട്ടുപോകണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം. ഗാസ മുനമ്പില്‍ എവിടെയും ഇപ്പോള്‍ സുരക്ഷിത സ്ഥാനമില്ലെന്ന് വിവിധ സംഘടനകള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

 

Top