ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 201 പേര്‍

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 201 പേരാണ് ഗസ്സമുനമ്പില്‍ കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം 12ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ആക്രമണം അവര്‍ കൂടുതല്‍ കടുപ്പിക്കുന്നത്.

ബുറേജി അഭയാര്‍ഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. ശനിയാഴ്ച വീണ്ടും ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയര്‍ന്നു. 53,688 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്നും സംശയമുണ്ട്.

ഗസ്സയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ അധിനിവേശത്തിന് പിന്നാലെ ഗസ്സയിലെ ഇരുപത് ലക്ഷത്തിലേറെ പേര്‍ തെരുവുകളിലെ താല്‍ക്കാലിക ടെന്റുകളിലാണ് കഴിയുന്നത്.

ഗസ്സ സിറ്റിയില്‍ ഒരു കുടുംബത്തിലെ 76 പേരെ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ ബോംബിട്ട് കൊന്നിരുന്നു. മുഗ്‌റബി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പോര്‍വിമാനങ്ങള്‍ തീതുപ്പിയതിനെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നത്. ഐക്യരാഷ്ട്രസഭ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഇസ്സാം അല്‍ മുഗ്‌റബിയും ഭാര്യയും അഞ്ച് മക്കളും കൊല്ലപ്പെട്ടവരിലുണ്ട്.

Top