ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തുന്ന സമാധാന ചർച്ചയിൽ നിന്ന് പിന്മാറി ഇസ്രയേല്‍

സ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെവരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ലെബനന്‍ അതിര്‍ത്തിയിലേയ്ക്കും സംഘര്‍ഷം വ്യാപിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്ത് എത്തിയ ഖാന്‍യൂനിസ് മേഖലയില്‍ അടക്കമായിരുന്നു ഇസ്രയേലിന്റെ ആക്രമണം.അഭയാര്‍ഥികള്‍ ഖാന്‍ യൂനിസില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന റഫ മേഖലയിലേയ്ക്ക് മാറണമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. റഫ അതിര്‍ത്തി വഴിയത്തുന്ന സഹായ ട്രക്കുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന തടയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഇസ്രയേല്‍ ഗാസയില്‍ കടുത്ത ആക്രമണം അഴിച്ചവിടുകയും ചെയ്തു. വെള്ളിയാഴ്ച അവസാനിച്ച വെടിനിര്‍ത്തല്‍ സമയപരിധിക്കു ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 175 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സമാധാനചര്‍ച്ചാ മേശയില്‍ ഇസ്രയേലിനെ വീണ്ടുമെത്തിക്കാന്‍ ശ്രമിക്കുമെന്ന് സഖ്യകക്ഷിയായ അമേരിക്കയും അറബ് രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്.

 

Top