ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; വെടിനിര്‍ത്തലിന് ശേഷമുള്ള ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു

റഫ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തലിന് ശേഷമുള്ള ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ തുടരുന്നെന്ന് ഖത്തറും അമേരിക്കയും വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരുന്നതായി ഈജിപ്തും അറിയിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ഇതിനിടെ ഗാസയില്‍ ഗുരുതര സാഹചര്യമെന്ന് യുണിസെഫും വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയിലേയ്ക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ഹമാസിന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ട 50ഓളം ലക്ഷ്യങ്ങളെ അക്രമിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഖാന്‍ യൂനിസില്‍ നിന്നും ആളുകള്‍ കൂടുതല്‍ തൊക്കോട്ട് ഒഴിഞ്ഞ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന റഫ മേഖലയിലേയ്ക്ക് മാറണമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്. റഫ അതിര്‍ത്തി വഴിയത്തുന്ന സഹായ ട്രക്കുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന തടയുന്നതായി റിപ്പോര്‍ട്ട്. ഗാസക്ക് സമീപം ബഫര്‍ സോണ്‍ വേണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ 400 കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചതായി ഇസ്രയേല്‍ സേന വ്യക്തമാക്കി. നേരത്തെ വടക്കന്‍ ഗാസയില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്ത് എത്തിയ ഖാന്‍യൂനിസ് മേഖലയില്‍ അടക്കമായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

 

Top