ശവപ്പറമ്പായി ഗാസ, അവസരം മുതലാക്കി പിടിച്ചെടുക്കാൻ ഇസ്രയേൽ, കമാൻഡോകളും സൈന്യത്തിനൊപ്പം

സ്രയേലിനെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേൽ ആക്രമണത്തിന്റെ പരിസമാപ്തി എന്തായിരിക്കും ? ലോക രാജ്യങ്ങൾ ചർച്ച ചെയ്യുന്നത് ഇക്കാര്യം മുൻ നിർത്തിയാണ്. ഹമാസിന്റെ ആക്രമണം വലിയ ക്ഷീണമായെങ്കിലും ഈ അവസരം പരമാവധി പ്രയോഗിച്ച് ഹമാസിന്റെ കേന്ദ്രമായ ഗാസയെ തന്നെ കൈപ്പിടിയിൽ ഒതുക്കാനാണ് ഇപ്പോൾ ഇസ്രയേൽ ശ്രമിക്കുന്നത്. ഹമാസിന്റെ അന്ത്യം അടുത്തു എന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇപ്പോൾ വ്യാപകമായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

നിരപരാധികളെ ഹമാസ് കൊന്നുതള്ളുകയാണെന്നാണ് ലോകത്തിനു മുന്നിൽ ഇസ്രയേൽ ഭരണകൂടം പറയുന്നത്. ഇതിന് അവർക്ക് ചൂണ്ടിക്കാട്ടാൻ ഹമാസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളും ധാരാളമാണ്. സ്ത്രീകളെ വരെ തട്ടികൊണ്ട് പോകുന്നതും കണ്ണിൽ കാണുന്നവരെയൊക്കെ വെടിവച്ച് കൊല്ലുന്നതും ഹമാസിന്റെ ഭീകര മുഖമാണ് വ്യക്തമാക്കപ്പെടുന്നത്. അതു കൊണ്ട് തന്നെ ലോകത്തിന്റെ വികാരവും അവർക്ക് എതിരാണ്.

വൻ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും, ഇസ്രയേലിൽ കടന്നു കയറി ഹമാസ് ആക്രമിച്ചത് വിശ്വസിക്കാൻ ലോകത്തെ പ്രമുഖ സുരക്ഷാ ഏജൻസികൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് രാജ്യം യുദ്ധത്തിലാണെന്നും തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാൻഡർമാരെയും കൊലപ്പടുത്തിയതായും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നൂറിലധികം പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അത് ഒരു പക്ഷേ അന്തിമ കണക്കുകൾ പുറത്തു വരുമ്പോൾ 500 നും 1000 ഇടയിൽ ആവാനും സാധ്യത ഉണ്ട്. ഇതിനെതിരെ ഓപ്പറേഷൻ അയൺ സോർഡ് എന്ന പേരിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ നിലവിൽ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. മാധ്യമ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടം വരെ ഇസ്രയേൽ തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്. ഹമാസ് തുടങ്ങിവച്ച ആക്രമണം ഇസ്രയേൽ അവസരമാക്കി മാറ്റി എന്നതിന് ഇതിൽപരം വേറെ തെളിവുകൾ ആവശ്യമില്ല.

ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, മരുന്ന്, ഇന്ധന വിതരണം എന്നിവ ഇസ്രയേല്‍ നിര്‍ത്തിവച്ചിട്ടുണ്ട്. എല്ലാ അർത്ഥത്തിലും അവിടുത്തെ ജനങ്ങൾ ശ്വാസം മുട്ടുന്ന അവസ്ഥയാണ് ഉള്ളത്. ഹമാസിന്റെ സൈനിക ഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് പറഞ്ഞ ഇസ്രയേൽ സൈന്യം സകലതും ചാമ്പലാക്കിയാണ് മുന്നോട്ട് പോകുന്നത്. വ്യാമാക്രമണത്തിനു ശേഷം ഇസ്രയേലിന്റെ കരസേന ഗാസയിലേക്ക് പ്രവേശിക്കും. ഹമാസ് പിടിച്ചു കൊണ്ടുപോയ ഇസ്രയേൽ പൗരൻമാരെ മോചിപ്പിക്കാൻ പ്രത്യേക കമാൻഡോ സേനയെയും നിയോഗിച്ചിട്ടുണ്ട്.

ഗാസയില്‍ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് വീണ്ടും വീണ്ടും ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പൂർണ തോതിലുള്ള ആക്രണം നടത്തി ഗാസയിലെ ഹമാസിനെയും മറ്റ് തീവ്രസംഘങ്ങളെ തുടച്ചു നീക്കുക തന്നെയാണ് ലക്ഷ്യം. ഇസ്രയേലിൽ കടന്ന 400 ഹമാസുകാരെ വധിച്ചുവെന്ന് ഔദ്യോഗികമായി സൈന്യം അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ റോക്കറ്റ് ആക്രമണം നടത്തിയ ലബനനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായ റിപ്പോർട്ടും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

റോക്കറ്റ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് പുത്തരിയല്ല. റോക്കറ്റുകളിൽ നിന്നു രക്ഷനേടാനുള്ള ആകാശകവചങ്ങളും ബോംബ് ഷെൽട്ടറുകളും ആ രാജ്യത്തുണ്ട്. ഇസ്രയേലിലേക്ക് 5000 മിസൈലുകൾ അയച്ചിട്ടും കാര്യമായ നാശനഷ്ടം ഹമാസിന് സൃഷ്ടിക്കാൻ കഴിയാതിരുന്നത് ഇസ്രയേലിന്റെ ആകാശ കരുത്തു മൂലമാണ്. അതിർത്തി കടന്നു നേരിട്ടെത്തി പട്ടണങ്ങളിലെ തെരുവുകളിൽ നിറയൊഴിക്കുന്ന ആക്രമണത്തിലാണ് കൂടുതൽ ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടിരിക്കുന്നത്.

1973 ലെ അറബ് – ഇസ്രയേൽ യുദ്ധത്തിന്റെ 50–ാം വാർഷികപ്പിറ്റേന്നു പുലർച്ചയാണ് ഹമാസ് ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ പ്രധാന അറബ് രാജ്യങ്ങൾ ഒന്നും തന്നെ ഇതുവരെ ഹമാസിന്റെ ചാവേർ ആക്രമണത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടില്ലന്നതും ശ്രദ്ധേയമാണ്. ഇറാന്റെ ശക്തമായ പിന്തുണ ഹമാസിനുള്ളതിനാൽ യുദ്ധത്തിന്റെ സ്വഭാവവും ഏത് നിമിഷവും മാറാനും സാധ്യതയുണ്ട്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങി…ഇന്ത്യവരെ ഇസ്രയേലിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

EXPRESS KERALA VIEW

Top