ഹമാസിനെതിരായ പോരാട്ടം രൂക്ഷം; സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ

ടെൽ അവീവ് : ഹമാസിനെതിരായ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ, സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേലിൽ ആലോചന. സംഘർഷം 10 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്, പൗരൻമാർക്കും ആയുധങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്പോണ്ടേഴ്സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ പൊലീസിന്റെ നീക്കം.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിലവിലുള്ള ഫസ്റ്റ് റെസ്പോണ്ടർ യൂണിറ്റുകൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇത്താമർ ബെൻ ഗിവിർ, പൊലീസ് കമ്മിഷണർ കോബി ഷബ്തായ് എന്നിവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 347 പുതിയ യൂണിറ്റുകൾക്കാണ് രൂപം നൽകുക. ഇത്രയും യൂണിറ്റുകളിലായി 13,200 പൊലീസ് വൊളണ്ടിയർമാർ രംഗത്തിറങ്ങും. ഇവരുടെ പേര് പട്ടികപ്പെടുത്തി റൈഫിളും പ്രൊട്ടക്ടീവ് ഗീയറും നൽകാനാണു തീരുമാനം.

ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിൽ വർഷങ്ങളായി ഇത്തരം സ്വയം പ്രതിരോധ യൂണിറ്റുകൾ നിലവിലുണ്ട്. സൈന്യത്തിൽനിന്നു വിരമിച്ചവരാണ് ഈ സംഘത്തിലെ പ്രധാനികൾ. ഇവർക്ക് ആയുധങ്ങളും പ്രത്യേക പരിശീലനവും നൽകും. ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം സൈന്യവുമായും പൊലീസുമായും സഹകരിച്ച് അതിനെ നേരിടുകയാണ് ഇവരുടെ പ്രാഥമിക ദൗത്യം.

വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
ഒക്ടോബർ ഏഴിന് രാവിലെ അവിചാരിതമായി ഹമാസ് സായുധ സംഘം ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് വ്യക്തമാക്കി യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ ഇപ്പോഴും ഗാസ മുനമ്പിൽ ഉൾപ്പെടെ വ്യോമാക്രമണം തുടരുകയാണ്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മാത്രം 1400ൽ അധികം പേർ മരിച്ചെന്നാണ് കണക്ക്.

Top