ഇന്ത്യയുടെ അപ്രതീക്ഷിത പിന്തുണ ഇസ്രയേലിന് ‘കവചമാകും’, കൈവിട്ട നിലപാടിൽ നിന്നും പിൻമാറി റഷ്യയും ഇറാനും !

മാസ് – ഇസ്രയേൽ സംഘർഷത്തിൽ റഷ്യയെയും ഇറാനെയും ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് ഇപ്പോൾ ഇന്ത്യൻ നിലപാടാണ്. പരസ്യമായി ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യൻ നിലപാടിൽ ഇരു രാജ്യങ്ങളും അമ്പരന്നിരിക്കുകയാണ്. പലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറയുമ്പോഴും തീവ്ര സംഘടനയായ ഹമാസിനെ കടുത്ത ഭാഷയിലാണ് ഇന്ത്യ വിമർശിച്ചിരിക്കുന്നത്. ഭീകര സംഘമായാണ് ഹമാസിനെ ഇന്ത്യ കാണുന്നത്. മാത്രമല്ല നിർണ്ണായക ഘട്ടങ്ങളിൽ ഒപ്പം നിന്ന ഇസ്രയേലിനോടുള്ള കടപ്പാടും ഇപ്പോഴത്തെ പിന്തുണയ്ക്കു പിന്നിലുണ്ട്.

ഇസ്രയേലിനെ പോലെ തന്നെ ഇന്ത്യയുമായി ഏറെ അടുപ്പമുള്ള രാജ്യങ്ങളാണ് റഷ്യയും ഇറാനും. ഈ രണ്ട് രാജ്യങ്ങളും ഇസ്രയേൽ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ സഹായത്തോടെയാണ് ഹമാസ് ആക്രമണം നടത്തിയതെന്നതും ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു. ഇതോടെ ഏതു നിമിഷവും ഇസ്രയേലും അമേരിക്കയും ഇറാനെതിരെയും തിരിയുമെന്ന അവസ്ഥയാണുള്ളത്. ഇതിനെ ചെറുക്കാൻ റഷ്യയുടെ സഹായമാണ് പ്രധാനമായും ഇറാൻ പ്രതീക്ഷിക്കുന്നത്.

യുക്രെയിനെ ആക്രമിക്കാൻ ആധുനിക ഡ്രോണുകൾ ഉൾപ്പെടെയാണ് ഇറാൻ റഷ്യക്ക് നൽകിയിരുന്നത്. ഇതിന് തിരിച്ചൊരു സഹായം ഇറാനും പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇറാന്റെ നിലപാടുകൾക്കൊപ്പമാണ് റഷ്യ ഇപ്പോൾ നിൽക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇറാനെ പെട്ടന്നു ആക്രമിക്കുവാൻ അമേരിക്കൻ ചേരിക്ക് സാധിക്കുകയില്ല. ഇസ്രേയലിന് സർവ്വ പിന്തുണയും നൽകി കളം നിറഞ്ഞു കളിക്കുന്നതിപ്പോൾ അമേരിക്കയാണ്. ഗാസയിൽ നിന്നും ഹമാസിനെ തുടച്ചു നീക്കുന്നതോടൊപ്പം ഇറാനെ പ്രതിക്കൂട്ടിൽ നിർത്തി കടന്നാക്രമിക്കാനാണ് നീക്കം.

ഇന്ത്യ ഇസ്രയേലിനെ ശക്തമായി പിന്തുണ നൽകിയ സാഹചര്യത്തിൽ പ്രസ്താവനയ്ക്കപ്പുറം കൈവിട്ട കളിക്ക് റഷ്യ മുതിരില്ലന്നാണ് അമേരിക്ക കരുതുന്നത്. നിലവിൽ റഷ്യയുടെ ഏറ്റവും ശക്തമായ പങ്കാളിയാണ് ഇന്ത്യ. ആയുധ ഇടപാടിൽ മാത്രമല്ല മറ്റു വ്യാപാര ബന്ധങ്ങളും അതിശക്തമായാണ് മുന്നോട്ടു പോകുന്നത്. യുക്രെയിൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും എതിർപ്പിനെ മറികടന്നാണ് റഷ്യയുമായുള്ള ബന്ധം ഇന്ത്യ മുന്നോട്ടു കൊണ്ടു പോകുന്നത്. റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യക്കെതിരായ ഐക്യരാഷ്ട്ര സഭാ പ്രമേയത്തെ പിന്തുണയ്ക്കാനും ഇന്ത്യ തയ്യാറായിരുന്നില്ല.

സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള ബന്ധമാണ് ഒരു ഉലച്ചിലും തട്ടാതെ ഇപ്പോഴും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. അതു പോലെ തന്നെ ഇറാന്റെയും അടുത്ത സുഹൃത്താണ് ഇന്ത്യ. ഇവിടെയും അമേരിക്കൻ എതിർപ്പ് തള്ളിയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. അടുത്തയിടെ ഇറാൻ സന്ദർശിച്ച ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഇറാൻ സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന സാമ്പത്തിക -രാഷ്ട്രീയ സുരക്ഷാ ബന്ധങ്ങളുടെ ആഴം കൂട്ടുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും അജിത് ഡോവൽ ചർച്ച നടത്തുകയുണ്ടായി.

അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമായി പാക്-അഫ്ഗാൻ മേഖല വീണ്ടും ഉയർന്നുവരുന്നതിനെയും ഇന്ത്യയും ഇറാനും ഒരു പോലെയാണ് ഗൗരവമായി കാണുന്നത്. ഇറാന്റെ തെക്ക്-കിഴക്കൻ തുറമുഖ നഗരമായ ചബഹാറിന്റെ വികസനത്തിൽ ഇന്ത്യയുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്. 2016ൽ പ്രധാനമന്ത്രി മോദിയുടെ ടെഹ്‌റാൻ സന്ദർശന വേളയിൽ തുറമുഖത്തിനായുള്ള കരാർ ഒപ്പുവച്ചതു മുതൽ തന്നെ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിനായി ചബഹാർ തുറമുഖത്തെ ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ഇറാനും ചർച്ച ചെയ്തുവരികയാണ്.

റഷ്യയ്ക്കും ഗുണകരമാകുന്ന രീതിയിലാണ് ഈ പദ്ധതി ഇപ്പോൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വല്ലാത്തൊരു ആത്മബന്ധം റഷ്യ, ഇറാൻ, രാജ്യങ്ങളുമായി ഇന്ത്യയ്ക്കുണ്ട്.

അമേരിക്കയുടെ കടുത്ത ശതുക്കളുമായുള്ള ഇന്ത്യയുടെ ഈ ചങ്ങാത്തം ഇന്ത്യ – അമേരിക്ക ബന്ധത്തെ ബാധിച്ചിട്ടില്ലന്നതും ഒരു യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ നയതന്ത്ര നേട്ടം തന്നെയാണത്. റഷ്യ – യുക്രെയിൻ യുദ്ധത്തോടെ ലോകം തന്നെ രണ്ട് ചേരിയാകുമെന്ന ഘട്ടത്തിലാണെങ്കിലും അതിനു വിഘാതമായിരിക്കുന്നതിപ്പോൾ ഇന്ത്യയുടെ സാന്നിധ്യം തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ന് ഇന്ത്യ. ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള രാഷ്ട്രമായും നാം മാറിക്കഴിഞ്ഞു. സാമ്പത്തിക – സൈനിക മേഖലയിലും ഇന്ത്യയിപ്പോൾ കൂടുതൽ കരുത്താർജിച്ചു കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇന്ത്യയെ അവഗണിച്ച് ഇന്ന് അമേരിക്കയ്ക്കു പോലും മുന്നോട്ടു പോകാൻ കഴിയുകയില്ല.

ചൈനയുടെ ഭീഷണിയെ ചെറുക്കാൻ മേഖലയിൽ അമേരിക്കക്ക് വിശ്വസിക്കാവുന്ന ഏക രാജ്യവും ഇന്ത്യ തന്നെയാണ്. ഇന്ത്യയുടെ റഷ്യൻ അനുകൂല നിലപാടിൽ അതൃപ്തിയുള്ള അമേരിക്കൻ ഉന്നതർ പോലും ഇസ്രയേൽ ആക്രമിക്കപ്പെട്ട വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ചിരിക്കുകയാണ്. യു.എ.ഇ ഉൾപ്പെടെയുളള പ്രമുഖ അറബ് രാജ്യങ്ങൾ വിഷയത്തിൽ ഹമാസിനെ പിന്തുണയ്ക്കാതെ തന്ത്രപരമായ നിലപാട് സ്വീകരിച്ചതിനു പിന്നിലും ഇന്ത്യയുടെ നിലപാട് സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് അമേരിക്ക കരുതുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ ഉൾപ്പെടെ പിന്തുണയ്ക്കുന്ന ഇസ്രയേലിനെതിരെ റഷ്യയും സാഹസത്തിന് മുതിരില്ലന്നതാണ് അവരുടെ കണക്കു കൂട്ടൽ.

റഷ്യയുടെ പിന്തുണയില്ലാതെ കേവലം പ്രസ്താവനകൾക്കപ്പുറം ഒരു പ്രതികരണത്തിന് തീർച്ചയായും ഇറാനും പരിമിതികൾ ഉണ്ടാകും. അതായത് ഇസ്രയേലിനെതിരെ കൂടുതൽ കടന്നാക്രമണത്തിന് ഹമാസിനോ ഹിസ്ബുൾ ഭീകരർക്കോ ഇനി സാധിക്കുകയില്ല. അത്രയ്ക്കും വലിയ തിരിച്ചടിയാണ് ലോക വ്യാപകമായി അവർക്കിപ്പോൾ കിട്ടിയിരിക്കുന്നത്. ഈ സംഘടനകളെ മുസ്ലീം സമുദായത്തിൽപ്പെട്ട ബഹുഭൂരിപക്ഷവും വെറുക്കുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്. ഇസ്രയേലിനെ ആക്രമിച്ചു എന്നതിനേക്കാൾ ഹമാസ് സംഘം സ്ത്രീകളെ ഉൾപ്പെടെ തട്ടി കൊണ്ടു പോയി പീഢിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായതാണ് ലോകവികാരം ഹമാസിനെതിരെ രൂക്ഷമാകാൻ കാരണമായിരിക്കുന്നത്.

ഇതോടെ പാവപ്പെട്ട പലസ്തീനികളാണിപ്പാൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഹമാസ് മൂലം ലോകത്തിനു മുന്നിൽ വില്ലൻ പരിവേഷമാണ് ഇപ്പോൾ പലസ്തീനികൾക്കും ചാർത്തപ്പെട്ടിരിക്കുന്നത്. ഹമാസ് തീവ്രവാദികളുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. ഗാസ പൂർണ്ണമായും പിടിച്ചെടുക്കുന്നതോടെ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണവും കുത്തനെ വർദ്ധിക്കാൻ തന്നെയാണ് സാധ്യത. ഒരു തീവ്രവാദ ഗ്രൂപ്പിന്റെ മനുഷത്വ രഹിത നടപടിയുടെ പരിണിത ഫലമാണിത്. അതെന്തായാലും… പറയാതെ വയ്യ …

EXPRESS KERALA VIEW

Top