ഇസ്രായേല്‍- ഹമാസ് യുദ്ധം; ഗസ്സയില്‍ മരണം 900 കടന്നു

ഗസ്സ സിറ്റി: ഗസ്സക്കുമേല്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. സമ്പൂര്‍ണ ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് കരയാക്രമണത്തിനുളള മുന്നൊരുക്കങ്ങള്‍ സൈന്യം തുടരുകയാണ്. യു.എസ് യുദ്ധകപ്പല്‍ സന്ദര്‍ഭം മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് സെന്‍ട്രല്‍ കമാന്റ് വ്യക്തമാക്കി. ലബനാനു പിന്നാലെ സിറിയയില്‍ നിന്നും ഇസ്രായേലിനു നേര്‍ക്ക് ഷെല്ലാക്രമണമുണ്ടായി.

ഗസ്സയില്‍ മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. 4500 പേര്‍ക്കാണ് പരിക്ക്. ഹമാസ് ആക്രമണത്തില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗസ്സ ആക്രമണത്തില്‍ ഹമാസ് മന്ത്രിയും രാഷ്ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ് അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മര്‍ എന്ന ഹമാസ് നേതാവിനെയും ഇസ്രായേല്‍ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാന്‍ പോലും സാധിച്ചില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെല്‍അവീവ് ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടര്‍ന്നു. അസ്‌ദോദ്, അഷ്‌കലോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Top