നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണം; കൊല്ലപ്പെട്ടത് 23,968 പേര്‍

ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്.

100 ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ അധിനിവേശം ഗാസയെ വാസയോഗ്യമല്ലാത്ത സ്ഥലമാക്കി ഭീകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം വീണ്ടും പരാജയപ്പെടുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഹൂതികള്‍ക്കെതിരെ അമേരിക്കയും ബ്രിട്ടനും ആക്രമണം കടുപ്പിച്ചു. യെമനിലെ ഹൂതികള്‍ക്കെതിരായ യുഎസ് ആക്രമണം സമുദ്രസുരക്ഷയെ ദോഷമായി ബാധിക്കുമെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല പറഞ്ഞു.

ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു. ‘കഴിഞ്ഞ 100 ദിവസങ്ങളില്‍ ഉണ്ടായ വന്‍ നാശനഷടവും ജീവനുകളും കുടിയൊഴിപ്പിക്കലും പട്ടിണിയും മാനവികതയെ കളങ്കപ്പെടുത്തുന്നു. മാനുഷിക പ്രവര്‍ത്തനം ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നായി മാറിയിരിക്കുന്നു’, യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി പറഞ്ഞു.

Top