അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

ജെറുസേലേം : ഇസ്രായേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍.

കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ഭീഷണിയുയര്‍ത്തുന്ന പ്രകടനമാണ് ബെന്നി ഗാന്റ്‌സ് കാഴ്ചവെച്ചത്. 120 അംഗ പാര്‍ലമന്റെില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകള്‍ വേണം. ഒരു പാര്‍ട്ടിക്കും ഇത്രയും സീറ്റ് ലഭിക്കാന്‍ സാധ്യത ഇല്ലെന്നിരിക്കെ, പ്രാദേശിക ചെറുപാര്‍ട്ടികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും സര്‍ക്കാര്‍ രൂപവത്കരണം.

ആറു മാസത്തിനിടെ ഈ വര്‍ഷം രണ്ടാംതവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇക്കുറി വിജയത്തില്‍ കുറഞ്ഞതൊന്നും നെതന്യാഹുവിന്റെ അജണ്ടയിലില്ല.

അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ പ്രദേശമായ ജോര്‍ദാന്‍ താഴ് വര ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Top