ഇസ്രായേലുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നു, ചര്‍ച്ചകള്‍ തുടരും; എര്‍ദോഗന്‍

അങ്കാര: ഇസ്രയേലുമായി കൂടുതല്‍ മികച്ച ബന്ധം പുലര്‍ത്താന്‍ തുര്‍ക്കി ആഗ്രഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍. രഹസ്യാന്വേഷണ തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫലസ്തീനികളോടുള്ള ഇസ്രായേല്‍ നയം സ്വീകാര്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇസ്താംബൂളില്‍ വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഇസ്രയേലില്‍ ഉയര്‍ന്ന തലത്തിലുള്ള ആളുകളുമായി തുര്‍ക്കിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.

‘പാലസ്തീന്‍ നയം ഞങ്ങളുടെ റെഡ് ലൈനാണ്. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും കഴിയില്ല. അവരുടെ ദയയില്ലാത്ത പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല, എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്’ എര്‍ദോഗന്‍ പറഞ്ഞു.

1949 ല്‍ ഇസ്രായേലിനെ അംഗീകരിച്ച ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി. എര്‍ദോഗന്‍ അധികാരത്തില്‍ എത്തുന്നതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ വാണിജ്യ ബന്ധവും നിലനിന്നിരുന്നു. എന്നാല്‍ അടുത്ത കാലത്തായി, വെസ്റ്റ് ബാങ്കിലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെയും പാലസ്തീനികളോടുള്ള നിലപാടിനെതിരെയും വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തുകയും ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു.

തുര്‍ക്കി ഉടമസ്ഥതയിലുള്ള ഫ്ലോട്ടില്ലയില്‍ കയറിയ ഇസ്രായേല്‍ കമാന്‍ഡോകള്‍ 10 പാലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് ശേഷമാണ് 2010 ല്‍ തുര്‍ക്കി ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്.

Top