ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം; ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പൊലീസ് കൈമാറിയിട്ടുണ്ട്. കേസില്‍ സ്ഫോടക വസ്തു നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ഇസ്രായേലി അംബാസഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുളളിലുളളത്. ഇറാനില്‍ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുളളതായാണ് സൂചന.

സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. സമീപപ്രദേശത്തുളള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. രണ്ട് പേര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കുകയാണ്.

വൈകീട്ട് അഞ്ചിന് നഗരഹൃദയത്തിലുള്ള എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി. സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടകവസ്തു.

Top