അല്‍ ശിഫ ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണശാല തകര്‍ത്ത് ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ കടന്നുകയറിയ ഇസ്രായേല്‍ സൈന്യം വെടിവെപ്പും അക്രമവും തുടരുന്നു. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി.

ആശുപത്രിയില്‍ അഭയം തേടിയവരെ അറസ്റ്റ് ചെയ്തു. പുറത്തേക്ക് കൊണ്ടുപോയ 30 ഓളം പേരെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കണ്ണുകള്‍ മൂടിക്കെട്ടി ആശുപത്രി മുറ്റത്ത് നിര്‍ത്തി. ആശുപത്രിക്കുള്ളില്‍ ആക്രമണത്തെ തുടര്‍ന്ന് പുറത്തേക്ക് ഓടുമ്പോള്‍, പുറത്ത് കാത്തുനിന്നും ജനത്തിനുനേര്‍ക്ക് വെടിവെപ്പ് നടത്തുകയാണ്.എല്ലാ ദിശകളില്‍ നിന്നും ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ അല്‍ ശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്. തീവ്രമായ ഷെല്ലാക്രമണവും നടത്തുന്നുണ്ട്.

രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടത്തൂവെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Top