ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍

ടെല്‍ അവീവ്: ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ഇന്നലെ അര്‍ധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. ലബനന്‍ മേഖലയിലെ ഹിസ്ബുല്ലയുടെ സായുധ കേന്ദ്രങ്ങളാണ് ഇസ്രയേല്‍ സേന ലക്ഷ്യംവച്ചതെന്നാണ് പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണം.

ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഹമാസിനൊപ്പം ചേരുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇസ്രയേല്‍ ഒഴിപ്പിച്ചിരുന്നു. ഹമാസിനെതിരെ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ വടക്കന്‍ ഇസ്രയേലിലെ ഒരു ടാങ്ക് വ്യൂഹത്തിനെതിരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തുകയും ഹിസ്ബുല്ലയുടെ ഒരു താവളത്തിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Top