ഗസ്സയിലെ ഐക്യരാഷ്ട്രസഭ ഏജന്‍സി ഓഫിസില്‍ അഭയം തേടിയവരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു

ഗസ്സ സിറ്റി: ആക്രമണത്തില്‍ നിന്ന് രക്ഷതേടി ഗസ്സയിലെ ഐക്യരാഷ്ട്രസഭ ഏജന്‍സി ഓഫിസില്‍ അഭയംപ്രാപിച്ചവരെ ഇസ്രായേല്‍ സൈന്യം ബോംബിട്ട് കൊലപ്പെടുത്തി. യു.എന്‍.ഡി.പി മേധാവി അകിം സ്‌റ്റൈനറാണ് ഇക്കാര്യം അറിയിച്ചത്.ഗസ്സയിലെ യു.എന്‍.ഡി.പി ഓഫിസ് ഷെല്ലാക്രമണത്തില്‍ തകര്‍ത്തുവെന്നും, അവിടെ അഭയം തേടിയ ആളുകള്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളെന്നും സ്‌റ്റൈനര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഇത് അങ്ങേയറ്റം തെറ്റാണ്. സിവിലിയന്മാരെയും സിവിലിയന്‍ കെട്ടിടങ്ങളെയും യു.എന്‍ സ്ഥാപനങ്ങളെയും ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കണമെന്ന് യു.എന്‍.ഡി.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ വികസനത്തിനായി 1989 മുതല്‍ യു.എന്‍.ഡി.പി ഗസ്സയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേല്‍ വ്യോമാക്രമണം ശക്തമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13ന് ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തി ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് സാധാരണക്കാര്‍ ഇവിടെ അഭയം തേടുകയായിരുന്നു.

Top