ഇസ്രയേലുമായി ആദ്യ കരാര്‍ ഒപ്പുവച്ച് ബഹ്‌റൈന്‍

മനാമ: വിവിധ ജലസംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുമായി 30 ലക്ഷം ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. ജലസംരക്ഷണ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നായ മെകോറോത്തുമായാണ് ബഹ്‌റൈന്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി കരാറില്‍ ഒപ്പിട്ടത്. ജലപദ്ധതികളില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ ലഭ്യമാക്കാനും ജലസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവ് പങ്കുവയ്ക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍.

ഇരുരാജ്യങ്ങളും തമ്മില്‍ അബ്രഹാം എക്കോഡ് എന്ന പേരില്‍ സമാധാന കരാറില്‍ ഒപ്പിട്ടതിന് ശേഷമുള്ള ആദ്യ കരാറാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവച്ചത്. ഇതിന്റെ ചുവടുപിടിച്ച് മൊറോക്കോയും സുഡാനും ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.

Top