ഇന്ത്യ- ഇസ്രയേല്‍ വിമാനം ; പരാതിയുമായി ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്

air-india

ടെല്‍ അവീവ്: ഇന്ത്യ ഇസ്രയേല്‍ വിമാനം പറന്നുയര്‍ന്നതിന് പിറകെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു.

സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെയാണിത്. എയര്‍ ഇന്ത്യയുടെ സര്‍വീസ് തങ്ങള്‍ക്കു സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍ അല്‍ എയര്‍ലൈന്‍സിന്റെ നടപടി. വ്യോമ ഗതാഗത രംഗത്തെ അനാരോഗ്യകരമായ മല്‍സരത്തിന്റെ ഇരകളാണു തങ്ങളെന്ന് എല്‍ അല്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യ സര്‍വീസിന് അനുമതി നല്‍കിയ ഭരണകൂടം, ഇസ്രയേലിനു വരുത്തിവയ്ക്കുന്ന നഷ്ടം വളരെ വലുതാണെന്ന് എല്‍ അല്‍ സിഇഒ ഗോണന്‍ ഉസിഷ്‌കിന്‍ പറഞ്ഞു.

സൗദിയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മഞ്ഞുരുകല്‍ സാധ്യതകള്‍ തുറന്നിട്ട് ഒരാഴ്ച മുന്‍പാണ് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം പുതിയ പാതയിലൂടെ ടെല്‍ അവീവിലെത്തിയത്. ഇസ്രയേല്‍ ഗതാഗത മന്ത്രി യിസ്രയേല്‍ കാട്‌സ് ‘ചരിത്ര മുഹൂര്‍ത്തം’ എന്നാണിതിനെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് എല്‍ അല്‍ എയര്‍ലൈന്‍സ് ഇസ്രയേല്‍ സര്‍ക്കാര്‍, വ്യോമയാന വകുപ്പ്, പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗതാഗത മന്ത്രി യിസ്രയേല്‍ കാട്‌സ്, എയര്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇന്ന് ഇന്ത്യ ഇത്തരമൊരു സര്‍വീസ് ആരംഭിച്ചു. നാളെയിത് തായ്‌ലന്‍ഡോ മറ്റു പൂര്‍വേഷ്യന്‍ രാജ്യങ്ങളോ ആകാം. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം എല്‍ അല്‍ കമ്പനിക്കും അതില്‍ ജോലി ചെയ്യുന്ന ആറായിരത്തിലധികം ജീവനക്കാര്‍ക്കും വരുത്തിവച്ച നഷ്ടം വളരെ വലുതാണെന്നും ഉസിഷ്‌കിന്‍ ചൂണ്ടിക്കാട്ടി. എല്‍ അല്‍ എയര്‍ലൈന്‍സ് അടുത്തിടെ മുംബൈയിലേക്കു വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ സൗദിയുടെയും ഇറാന്റെയും ആകാശപാത ഒഴിവാക്കി ചാവുകടലിനു മുകളിലൂടെയായിരുന്നു യാത്ര.

സര്‍വീസിനെതിരെ എല്‍ അല്‍ എയര്‍ലൈന്‍സ് ഇസ്രയേല്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ തുടര്‍ സര്‍വീസുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.

Top