‘നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു’:അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേല്‍

തെല്‍അവീവ്: ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നും നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കാന്‍ ഉടന്‍ വെടിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേല്‍. ‘നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു’വെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ എക്‌സില്‍ കുറിച്ചു.

‘ദിവസവും നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇതിനകം 4,100-ലധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി. മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എന്‍) ചരിത്രത്തില്‍ മറ്റേത് ഘട്ടത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നതിന് ഊന്നല്‍ നല്‍കുന്നു’ -എന്നായിരുന്നു ഗുട്ടെറസ് ന്യൂയോര്‍ക്ക് സിറ്റിയിലെ യുഎന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഇതിനെതിരെയാണ് എലി കോഹന്‍ രംഗത്തുവന്നത്. ‘അന്റോണിയോ ഗുട്ടെറസ്, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. 9 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 30ലധികം പിഞ്ചുകുട്ടികളും, മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷികളായ കുട്ടികളും ഗസ്സയില്‍ തടവിലാക്കപ്പെടുന്നു. ഗസ്സയിലെ പ്രശ്‌നം ഹമാസാണ്, അവരെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേലിന്റെ പ്രവര്‍ത്തിയല്ല’ -എന്നാണ് എലിയുടെ ട്വീറ്റ്.

Top