കൊച്ചിയിലെത്തിയ ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചയക്കും; ഇംഗ്ലണ്ട് സ്വദേശിയുടെ നില തൃപ്തികരമല്ല

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ വിദേശികളെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍.
കൊച്ചിയിലെത്തിയ ബ്രിട്ടീഷ് പൗരന്‍മാരെയാണ് തിരിച്ചടക്കാന്‍ നടപടി തുടങ്ങിയത്. രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കും.

എറണാകുളം ജില്ലയില്‍ ഒമ്പത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടന്‍ പൗരന്മാര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33 പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടും.

സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ, ജില്ലയില്‍ അധികമായി ആറ് ഐസലോഷന്‍ വാര്‍ഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തും. ഇന്ന് മുതല്‍ ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

Top