സംസ്ഥാനത്ത് കാലവര്‍ഷം കനക്കും; വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ബീച്ചിലേക്കുള്ള യാത്രകളും, കടലില്‍ ഇറങ്ങിയുള്ള യാത്രകളും പൂര്‍ണമായും ഒഴിവാക്കണം എന്നും നിര്‍ദേശമുണ്ട്.

അതേസമയം ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Top