കേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കുമാണ് സാധ്യത.

കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Top