Islamic State’s latest manifesto vows to expand war to India

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐ.എസ്സിന്റെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീഫ് കഴിക്കുന്ന മുസ്‌ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശമുണ്ട്. മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ നരേന്ദ്ര മോഡി പ്രേരണ നല്‍കുന്നുവെന്നാണ് ആരോപണം.

നിരവധി ഇന്ത്യക്കാര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലും ഇറാഖിലുമെത്തി ഭീകര സംഘടനയില്‍ ചേര്‍ന്നു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന ഭീഷണി.

ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കും ആക്രമണങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് ഐ.എസ്സിന്റെ മുന്നറിയിപ്പ്.

ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സിറിയയിലെയും ഇറാഖിലെയും പോരാട്ട മേഖലകളില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് ഐ.എസ് നേതൃത്വത്തിന്റെ വിലയിരുത്തലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Top