Islamic State video makes direct threats against Mark Zuckerberg, Jack Dorsey

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും സിഇഒമാര്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ തുടര്‍ച്ചയായി നിര്‍ജീവമാക്കുന്നതിനെതിരെയാണ് ഭീകരരുടെ ഭീഷണി.

ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ക്കെതിരായ നടപടി തുടര്‍ന്നാല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഐഎസ് ഭീകരര്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. ‘കലിഫേറ്റ് സൈന്യത്തിന്റെ മക്കള്‍’ എന്ന പേരിലാണ് വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് സിഇഒ സുക്കര്‍ബെര്‍ഗിന്റെയും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയുടെയും വെടിയുണ്ട തറച്ച് തുളഞ്ഞ ചിത്രങ്ങളും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ നിങ്ങള്‍ ഞങ്ങളുടെ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുന്നു. നിങ്ങള്‍ക്ക് ഇത്രയല്ലേ ചെയ്യാന്‍ സാധിക്കൂ. നിങ്ങള്‍ ഞങ്ങളുടെ സംഘത്തിലുള്ളതല്ല’ വിഡിയോയില്‍ പറയുന്നു.

ഐഎസ് അനുഭാവം പുലര്‍ത്തുന്ന ഒരോ അക്കൗണ്ടുകളും നശിപ്പിക്കുന്നതിനുള്ള പ്രതികാരമെന്ന നിലയില്‍ ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും 10 അക്കൗണ്ടുകള്‍ വീതം ഹാക്ക് ചെയ്യുമെന്നും ഭീഷണിയിലുണ്ട്. ഇങ്ങനെ പടിപടിയായി ട്വിറ്ററിനെയും ഫെയ്‌സ്ബുക്കിനെയും ഇല്ലാതാക്കുമെന്നും ഭീഷണിയില്‍ പറയുന്നു.

ഐഎസിന്റെ ഹാക്കിങ്ങ് സംഘത്തിന് നിലവില്‍ പതിനായിരത്തിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും 150 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും 5000 ട്വിറ്റര്‍ അക്കൗണ്ടുകളും ഉള്ളതായി വിഡിയോയില്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകളിലൂടെയാണ് ഭീകരവാദം പ്രചരിപ്പിക്കുന്നത്.

ഭീകരവാദം പ്രചരിപ്പിക്കുകയോ ഐഎസ് അനുഭാവം പുലര്‍ത്തുകയോ ചെയ്യുന്ന 125,000 അക്കൗണ്ടുകള്‍ അടുത്തിടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതാണ് ഐഎസ് ഭീകരരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

Top