islamic state territory

കെയ്‌റോ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന പരുക്കേറ്റ സ്വന്തം ഭീകരരെ കൊന്ന് അവയവങ്ങള്‍ വിദേശത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാക്കില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രധാന നഗമായ മൊസൂളില്‍ നിന്നുള്ള ഒരു കേന്ദ്രത്തെ ഉദ്ധരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അറബ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പരുക്കേറ്റ ഒരു ഐഎസ് ഭീകരന്റെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരെ ഭീകരര്‍ ഭീഷണിപ്പെടുത്തിയതായുള്ളൊരു സംഭവം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊസൂളിലെ ഒരു ആശുപത്രിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഐഎസ് ഭീകരര്‍ മനുഷ്യ അവയവങ്ങള്‍ കടത്തുന്ന കാര്യം യുഎന്നിലെ ഇറാക്ക് അംബാസഡര്‍ മുഹമ്മദ് അല്‍ഹക്കിം കഴിഞ്ഞ വര്‍ഷം തന്നെ ആരോപിച്ചിരുന്നു. ഇതിനു കൂട്ടുനില്‍ക്കാത്തിന്റെ പേരില്‍ ഒരു ഡസനോളം ഡോക്ടര്‍മാരെ അവര്‍ വധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഐഎസിന്റെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്ന ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടിരുന്നു. മൊസൂളിന്റെ പല ഭാഗത്തെയും നിയന്ത്രണം അടുത്തയിടെ ഐഎസിനു നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ പോരാളികളെ വധിച്ച് കിഡ്‌നികള്‍, ഹൃദയം എന്നിവ കരിഞ്ചന്തയില്‍ വിറ്റ് ഭീകരര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത്. മൊസൂളില്‍ ഐഎസിന്റെ ജയിലുകളിലുള്ള തടവുകാരോട് രക്തദാനം നടത്താനും ഭീകരര്‍ സമ്മദര്‍ദം ചെലുത്തുന്നുണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ മൊണ്ടോ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കുന്നതു മാറ്റിവച്ച ശേഷം കഴിയുന്നത്ര രക്തം എടുക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top