Islamic State Rocket Expert Killed in U.S. Airstrike

ബാഗ്ദാദ്: സിറിയയിലും ഇറാഖിലും ഐസിസിനെതിരെ വ്യോമാക്രമണം നടത്തുന്ന യു.എസ് സഖ്യം കഴിഞ്ഞ മാസം വടക്കന്‍ ഇറാഖില്‍ യു.എസ് സേനയ്ക്ക് നേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരനെ വധിച്ചു. ആക്രമണത്തില്‍ ഒരു യു.എസ് നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ ഇറാഖി ഉദ്യോഗസ്ഥനായിരുന്ന ജാസിം ഖാദിഝാ എന്ന ഭീകരനാണ് വടക്കന്‍ ഇറാഖില്‍ ഒരു രാത്രി നീണ്ടുനിന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് യു.എസ് സഖ്യത്തിന്റെ വക്താവായ യു.എസ് ആര്‍മി കേണല്‍ സ്റ്റീവ് വാരണ്‍ ബാഗാദാദില്‍ അറിയിച്ചു.

മൊസൂളിനും കിര്‍ക്കുക്കിനുമിടയില്‍ സ്ഥിതിചെയ്യുന്ന മാക്ക്‌മോര്‍ എന്ന പട്ടണത്തിന് അടുത്ത് യു.എസ് സേന ഉപയോഗിച്ച് വന്ന സ്ഥലത്ത് നടന്ന ആക്രമണം നിയന്ത്രിച്ച റോക്കറ്റ് വിദഗ്ദനാണ് കൊല്ലപ്പെട്ട ജാസിം. അന്നു നടന്ന ആക്രമണത്തില്‍ നേവി ഉദ്യോഗസ്ഥനായ ലൂയിസ് കാര്‍ഡിന്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐസിസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ ഇറാഖി സൈന്യത്തിന് സഹായം നല്‍കികൊണ്ടിരുന്ന യു.എസ് സേനയ്ക്ക് നേരെയാണ് ജാസിം ആക്രമണം നടത്തിയത്. ജാസിം കൊല്ലപ്പെട്ട ഡ്രോണ്‍ വ്യോമാക്രമണത്തില്‍ മറ്റ് അഞ്ച് ഐസിസ് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.

സിറിയയില്‍ ഐസിസ്, സംഘടനയിലെ പതിനഞ്ച് പോരാളികളെ കൊലപ്പെടുത്തിയെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. റാഖയില്‍ നിന്നും അവരുടെ മുപ്പത്തഞ്ചു അംഗങ്ങളെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് ബ്രിട്ടന്‍ആസ്ഥാനമായുള്ള ഒബ്‌സര്‍വേറ്ററി അറിയിച്ചു. മുതിര്‍ന്ന ഐസിസ് നേതാവ് അബുഹിജ അല്‍തുനീസി ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഐസിസ് സ്വന്തം പോരാളികളെ കൊലപ്പെടുത്തിയത്.

Top