ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ദില്ലി : ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു. അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം.

ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോർഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.

പ്രവർത്തനം ആരംഭിച്ച ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.

 

Top