ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് ചുവടുമാറുന്നു; ഇന്ത്യക്കും ഭീഷണി

യുഎസ് സൈനിക നീക്കത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരസംഘടന പ്രവര്‍ത്തനമേഖല മാറ്റുന്നു. ഐഎസ് കേന്ദ്രം അഫ്ഗാനിസ്ഥാനിലേക്കാണ് മാറ്റുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സരീഫ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, റഷ്യ, ചൈന എന്നിവര്‍ക്കാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ഉയര്‍ത്തുകയെന്ന് ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് നേരിടുന്ന ഭീഷണി നേരിടാന്‍ ഈ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നും സരീഫ് കൂട്ടിച്ചേര്‍ത്തു. ‘ഐഎസിന്റെ പുനരുദ്ധാരണം ഇന്ത്യക്കും, ഇറാനും, പാകിസ്ഥാനും ഒരുപോലെ ആശങ്കാജനകമാണ്. ഭീകരസംഘടന സിറിയയിലെയും, ഇറാഖിലെയും ആസ്ഥാനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് നീക്കുകയാണ്. അഫ്ഗാന്‍ അതിര്‍ത്തിയിലെ ചിലയിടങ്ങള്‍ എല്ലാവര്‍ക്കും ആശങ്ക ഉളവാക്കുന്നതാണ്. ഏതെങ്കിലും ഒരു രാജ്യമല്ല, മുഴുവന്‍ മേഖലയും ഭീഷണി നേരിടും’, ജവാദ് സരീഫ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രങ്ങളില്‍ നിന്ന് താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഐഎസ് ഓപ്പറേഷന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഗുരുതരമായ അവസ്ഥയാണ്. ഐഎസ് ചുവടുമാറ്റുന്നത് സംബന്ധിച്ച് ഇന്ത്യയിലെ സുഹൃത്തുക്കളുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഭീകരവാദത്തിന് എതിരായ ഈ പോരാട്ടം എല്ലാവരെയും ഒരുമിപ്പിക്കുന്ന വിഷയം കൂടിയാണ്, സാരിഫ് ഓര്‍മ്മിപ്പിച്ചു.

ഈ ഭീഷണി നേരിടുമ്പോള്‍ അമേരിക്ക സഹായിക്കാന്‍ വരില്ലെന്നാണ് സരീഫിന്റെ നിലപാട്. നമ്മള്‍ സ്വയം സഹായിക്കേണ്ടി വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് 2016ല്‍ കാണാതായ 21 ചെറുപ്പക്കാര്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. ഇതില്‍ 17 പേര്‍ കാസര്‍കോട് ജില്ലക്കാരും, നാല് പേര്‍ പാലക്കാട് നിന്നുള്ളവരുമാണ്.

ഇക്കൂട്ടത്തില്‍ നാല് പേരെങ്കിലും അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ വഴി ഐഎസ് ഏജന്റുമാരാണ് ഭീകരസംഘടനയിലേക്ക് ആളെ എത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നത് ആശങ്ക വളര്‍ത്തുന്നു.

Top