Islamic state Holding the young men through Abu Dhabi Module

കരിപ്പൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ മലയാളികളടക്കം അഫ്ഗാനിസ്താനിലേക്ക് കടന്നത് ‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെയെന്ന് സൂചന. ഏറ്റവുമധികം ഇന്ത്യക്കാര്‍ ഐ.എസില്‍ ചേര്‍ന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) യുടെ റിപ്പോര്‍ട്ട.

ഇവരുടെ സഹായത്തോടെ ഒമ്പത് ഇന്ത്യക്കാര്‍ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയെന്ന് എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി സൂചന ലഭിച്ചത്. ഇതില്‍ എട്ടുപേര്‍ തമിഴ്നാട്ടുകാരും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.

ദായേഷ് എന്നപേരിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍നിന്ന് അഫ്ഗാനിസ്താനിലേക്ക് കടന്ന 22 പേര്‍ക്കും യാത്രയ്ക്കാവശ്യമായ സഹായങ്ങളും സാമ്പത്തികവും എത്തിച്ചത് ഈ സംഘടനയാണ്.

ഐ.എസിന്റെ കേരള ഘടകം അമീര്‍ കോഴിക്കോട് സ്വദേശി മംഗലശ്ശേരി സജീര്‍ അബ്ദുള്ളയ്ക്ക് അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് അബുദാബി വഴി അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ വഴിയൊരുക്കിയതും ഇവര്‍ തന്നെയാണ്. ദക്ഷിണേന്ത്യയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുക, പരിശീലന ക്യാമ്പുകള്‍, മതബോധന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക, തിരഞ്ഞെടുക്കപ്പെട്ടവരെ സിറിയയിലെയും അഫ്ഗാനിസ്താനിലെയും ഐ.എസ്. ക്യാമ്പിലെത്തിക്കുക എന്നിവയായിരുന്നു ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

അബുദാബിയില്‍നിന്ന് നാടുകടത്തപ്പെട്ട കര്‍ണാടക സ്വദേശി അദ്നാന്‍ ഹുസൈന്‍ (34), മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാദ് (26) കശ്മീര്‍ സ്വദേശി ഷെയ്ഖ് അസര്‍ അല്‍ ഇസ്ലാം എന്നിവരാണ് അബുദാബി മൊഡ്യൂളിന് നേതൃത്വം നല്‍കിയിരുന്നത്.

2012 മുതല്‍ യു.എ.ഇ.യില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവന്നയാളാണ് അദ്നാന്‍ ഹുസൈന്‍. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ ബാസിത്തിനും ഐ.എസിന് ഫണ്ട് സമാഹരിച്ചതിന്റെ പേരില്‍ കഴിഞ്ഞമാസം പിടിയിലായ ആലപ്പുഴ സ്വദേശി മൂസയ്ക്കും ഇയാള്‍ പണം കൈമാറിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ദാമുദി എന്നപേരില്‍ ഓണ്‍ലൈന്‍ മാസികനടത്തി യുവാക്കളെ ആകര്‍ഷിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

ജുനൂദ് ഉല്‍ ഖാലിഫ ഫില്‍ ഹിന്ദ് എന്നപേരില്‍ ഐ.എസ്. നേതാവ് ഷാഫി അര്‍മര്‍ സ്ഥാപിച്ച സംഘത്തിലെ പ്രധാനികളും ഇവരായിരുന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നഫീസഖാനെ ഐ.എസ്. നേതാവാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 2015ല്‍ ഇയാള്‍ രണ്ടുപേരെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

Top