സിറിയയില്‍ ഐഎസ് ഭീകരാക്രമണം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

സിറിയയിലെ ഡിയര്‍ അല്‍സൂര്‍ നഗരത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കിഴക്കന്‍ സിറിയയിലെ യൂഫ്രട്ടീസ് നദിക്കു സമീപത്താണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ എണ്ണം കൃത്യമല്ലെന്നും ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് വിവരം.

ഡെയിര്‍ അല്‍സൂര്‍ നഗരം ഐഎസ് നിയന്ത്രണത്തില്‍നിന്നു മോചിപ്പിച്ചെന്നു കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഈ നഗരത്തിന്റെ പകുതിഭാഗം മൂന്നുവര്‍ഷമായി ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു.

സഖ്യകക്ഷിസൈനികരുടെ സഹായത്തോടെ മോചിപ്പിച്ച ഡെയിര്‍ അല്‍സൂര്‍ നഗരത്തില്‍ സിറിയന്‍ സൈനികര്‍ പട്രോളിംഗ് ആരംഭിക്കുകയും തെരുവുകളില്‍നിന്നു കുഴിബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

Top