islamic scholars back familys decision refuse alleged terrorist saifullahs body

ന്യൂഡല്‍ഹി: തീവ്രവാദികളായ മക്കളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറാകാതിരുന്ന മാതാപിതാക്കളെ പിന്തുണച്ച് ഇസ്ലാമിക പണ്ഡിതന്‍മാര്‍.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സുരക്ഷസേന വധിച്ച ഭീകരന്‍ സെയ്ഫുല്ലയുടെ മൃതദേഹം സ്വീകരിക്കാന്‍ തയാറാകാതിരുന്ന പിതാവിനെ പിന്തുണച്ചാണ് പണ്ഡിതന്‍ന്മാര്‍ രംഗത്തെത്തിയത്.

2008ല്‍ ലഷ്‌കര്‍ തീവ്രവാദിയുടെ മൃതദേഹം രാജ്യദ്രോഹിയായ മകനെ വേണ്ടെന്ന് പറഞ്ഞ അമ്മയില്‍ തുടങ്ങിയ കര്‍ശന നിലപാട് ഇപ്പോഴും തുടരുകയാണ്. യഥാര്‍ഥ ഇസ്‌ലാം എന്താണെന്ന് പഠിപ്പിക്കുന്നതിനായുള്ള പ്രതീകാത്മക നടപടിയായി ഇതിനെ ഉയര്‍ത്തിക്കാണിക്കുകയാണെന്ന് പറഞ്ഞാണ് പണ്ഡിതന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘തന്റെ രാജ്യത്തെ സ്‌നേഹിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന’ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാത്ത നടപടിയെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു.

സെയ്ഫുല്ലയുടെ മാതാപിതാക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ തയാറാകാതിരുന്നത് ശരിയായ തീരുമാനമാണ്. രാജ്യ സ്‌നേഹത്തിന് ഇസ്‌ലാം മുഖ്യ പ്രാധാന്യം നല്‍കുന്നു. ഒന്നിനു വേണ്ടിയും അതില്‍ വിട്ടുവീഴ്ച ചെയ്യരുത്. എന്നിട്ടും ഒരു മുസ്‌ലിം ഈ നിയമാവലി മറികടന്ന് തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരെ തിരിയുകയാണെങ്കില്‍ അയാള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരാളുടെ മൃതദേഹം സ്വീകരിക്കാതിരിക്കുന്നത് ഇസ്‌ലാം വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലീസുമായി 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ തിങ്കളാഴ്ചയാണ് സെയ്ഫുല്ല കൊല്ലപ്പെട്ടത്. ഭോപ്പാല്‍-ഉജൈയിനി ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതിയാണ് സെയ്ഫുല്ല എന്ന് സംശയിക്കുന്നു. സെയ്ഫുല്ലയുടെ മൃതദേഹം കൈമാറാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ രാജ്യദ്രോഹി തങ്ങളുടെ മകന്‍ അല്ല എന്നാണ് പിതാവ് സര്‍താജ് പറഞ്ഞത്.

ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവന്‍ തങ്ങളുടെ മകനല്ല. രാജ്യദ്രോഹിക്ക് തങ്ങളുടെ മകനാവാന്‍ കഴിയില്ല. രാജ്യദ്രോഹിയുടെ മൃതദേഹം സ്വീകരിക്കുകയുമില്ല. സെയ്ഫുല്ല അപകീര്‍ത്തിപ്പെടുത്തിയത് കുടുംബത്തെ മാത്രമല്ല, രാജ്യത്തെ കൂടിയാണെന്നും അതിനാല്‍ അവസാന കര്‍മ്മങ്ങള്‍ക്കായി മകന്റെ മൃതദേഹം സ്വീകരിക്കുകയില്ലെന്നും സര്‍താജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top