തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്റെ ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ വിചാരണക്കോടതി ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഒരു ലക്ഷം രൂപ ജാമ്യത്തില്‍ ഇമ്രാനെ മോചിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കേസില്‍ പ്രത്യേക കോടതി ഇന്നലെ ജുഡീഷ്യല്‍ റിമാന്‍ഡ് സെപ്റ്റംബര്‍ 13 വരെ നീട്ടിയതിനാല്‍ അദ്ദേഹത്തിനു പുറത്തിറങ്ങാനായില്ല.

ഇതേസമയം, വിചാരണക്കോടതിയുടെ വിധി റദ്ദാക്കാത്തതിനാല്‍ ഇമ്രാനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നു നിയമ വിദഗ്ധര്‍ പറഞ്ഞു. 3 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇമ്രാന് 5 വര്‍ഷത്തെ മത്സരവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിധി സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതില്‍ ഇമ്രാന്റെ അഭിഭാഷക സംഘത്തിനു പിഴവു പറ്റിയതാണ് കാരണമെന്നും പറയുന്നു. തോഷഖാന കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 9ന് നാഷനല്‍ അസംബ്ലി പിരിച്ചുവിട്ടതിനാല്‍ 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി ആയിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ടതാണു തോഷഖാന കേസ്. ഈ കേസിലെ വിധിയെത്തുടര്‍ന്ന് അറസ്റ്റിലായ ഇമ്രാന്‍ അറ്റോക് ജില്ലാ ജയിലിലാണ്. ഔദ്യോഗിക രേഖ ചോര്‍ന്ന കേസില്‍ ഒരു ദിവസ റിമാന്‍ഡ് ഉത്തരവിട്ട ജഡ്ജി ഇന്നലെ ജയിലിലെത്തി ഇമ്രാന്റെ മൊഴിയെടുത്തശേഷം റിമാന്‍ഡ് നീട്ടുകയായിരുന്നു. ഇതേ കേസില്‍ 19ന് അറസ്റ്റിലായ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top