നവാസ് ഷെരീഫ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി

ഇസ്‌ലാമാബാദ്: അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി.

ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ അക്തര്‍ ക്യാനി എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ശരീഫിന്റെ ജാമ്യഹര്‍ജിയില്‍ അവരുടെ പ്രതികരണം അറിയിക്കുന്നതു വരെ ശരീഫിനും കുടുംബത്തിനും എതിരായി നിലനില്‍ക്കുന്ന മറ്റു രണ്ടു കേസുകളില്‍ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി (ഒന്ന്) നടപടി ക്രമങ്ങളിലേക്കു കടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ശരീഫിന്റെ നിയമോപദേഷ്ടാവ് ഖവാജ ഹാരിസ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.

കേസില്‍ ഇനി ജൂലൈ അവസാന വാരം വാദം കേള്‍ക്കും.

Top