ഇമ്രാന്‍ ഖാനെ അറ്റോക് ജയിലിലേക്ക് മാറ്റിയതാരെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അദിയാല ജയിലില്‍ പാര്‍പ്പിക്കാനുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ് അട്ടിമറിച്ച് അറ്റോക്കിലെ ജയിലിലേക്കു മാറ്റാനുള്ള തീരുമാനം ആരുടേതായിരുന്നെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. തടവുപുള്ളികളുടെ ജയില്‍മാറ്റം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അധികാരം ഏത് ഉദ്യോഗസ്ഥര്‍ക്കാണെന്ന് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച ഔദ്യോഗിക പാരിതോഷികങ്ങള്‍ സ്വന്തമാക്കി സാമ്പത്തിക അഴിമതി നടത്തിയെന്ന കേസില്‍ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ ഖാന്‍ എ ക്ലാസ് സൗകര്യങ്ങളുള്ള അദിയാലയിലെ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണു വാദം കേട്ടത്. സി ക്ലാസ് സൗകര്യം മാത്രമുള്ള അറ്റോക്കിലെ ജയിലിന്റെ അവസ്ഥ മോശമാണെന്നും ചോര്‍ച്ചയും പ്രാണിശല്യവും ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടെന്നും പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സ്ഥിരമായി നോക്കുന്ന ഡോ. ഫൈസല്‍ സുല്‍ത്താന്‍ പരിശോധിച്ച് ഇമ്രാന്റെ ആരോഗ്യനില വിലയിരുത്താനുളള അനുവാദവും തേടി. അഭിഭാഷകരെയും കുടുംബാംഗങ്ങളെയും പാര്‍ട്ടി നേതാക്കളെയും കാണണമെന്ന ആവശ്യവും ഉന്നയിച്ചു. അതേസമയം, 3 വര്‍ഷം തടവുവിധിച്ചുള്ള ജില്ലാക്കോടതി ഉത്തരവ് റദ്ദാക്കമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി കോടതി തള്ളി. ഇതിനിടെ, അറ്റോക്കിലെ ജയില്‍ ഉദ്യോഗസ്ഥരിലൊരാളും ഇമ്രാന്‍ ഖാനും തമ്മിലുണ്ടായതായി പറയപ്പെടുന്ന രഹസ്യസംഭാഷണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Top