Islamabad: 16 year old set on fire

ഇസ്ലാമാബാദ്: കമിതാക്കളെ ഒളിച്ചോടാന്‍ സഹായിച്ചതിന് പാകിസ്താനില്‍ ദുരഭിമാനക്കൊല. അയല്‍ക്കാരായ യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചതിനു പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി കൊന്നു. യുവാവും യുവതിയും രക്ഷപ്പെടാന്‍ ഉപയോഗിച്ച വാനില്‍ തന്നെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ കത്തിച്ചത്. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. വിഷം കുത്തിവച്ച ശേഷം കഴുത്തു ഞെരിച്ച ശേഷമാണ് പെണ്‍കുട്ടിയെ ഒരുസംഘം ആളുകള്‍ ജീവനോടെ തീകൊളുത്തിയത്. ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നു ചൂണ്ടിക്കാട്ടി ഗ്രോത്ര സഭയാണ് കൊലയ്ക്ക് ഉത്തരവിട്ടത്.

പാകിസ്താനിലെ വടക്കന്‍ ഖൈബര്‍ പക്തുന്‍ഖ്വാ പ്രവിശ്യയില്‍ താമസക്കാരിയായ അംബ്രീന്‍ എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. അബ്രീന്റെ അയല്‍ക്കാരിയായ സൈമ എന്ന പെണ്‍കുട്ടി 22 കാരനായ കാമുകന്റെ കൂടെ ഒളിച്ചോടിയതിനു പ്രതികാരമായാണ് പെണ്‍കുട്ടിയെ കത്തിച്ചത്. 15 അംഗ ഗോത്രസഭയാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ നിര്‍ദേശിച്ചത്. ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ ഗ്രാമത്തിനു പുറത്തൊരിടത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ബോധം മറയുന്നതിനായി ചില മരുന്നുകളും അവളുടെ ശരീരത്തില്‍ കുത്തിവയ്ക്കാറുണ്ടായിരുന്നു. യുവാവും യുവതിയും രക്ഷപെടുന്നതിന് ഉപയോഗിച്ച വാനില്‍ പെണ്‍കുട്ടിയെ ബന്ധിക്കുകയും പെട്രോളൊഴിച്ച് തീകത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദുരഭിമാനക്കൊലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇ്‌വരെ ഭീകരവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Top