പാകിസ്താനിൽ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ ക്രിസ്ത്യൻ നഴ്‌സുമാരെ ആക്രമിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യൻ നഴ്‌സുമാർക്കെതിരെ ആക്രമണം. ഫെസലാബാദിലെ സിവിൽ ആശുപത്രിയിയിലെ ജൂനിയർ നഴ്‌സുമാരായ മറിയം ലാൽ, നെവേഷ് അരൂജ് എന്നിവരെയാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റു.

ആശുപത്രിയിലെ ഫാർമസി ജീവനക്കാരാണ് ഇരുവരെയും ആക്രമിച്ചത്. ആശുപത്രിയിലെ സൈക്കാട്രിക് വാർഡിൽ തൂക്കിയിട്ടിരുന്ന പഴയ ഖുറാൻ വാചകങ്ങൾ സീനിയർ നഴ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും നീക്കം ചെയ്തിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇത് കണ്ട ഫാർമസി ജീവനക്കാരൻ കത്തികൊണ്ടു കുത്തുകയായിരുന്നു. ആശുപത്രിയിലെ മറ്റ് ജീവനക്കാർ എത്തിയാണ് ഇയാളെ തടഞ്ഞത്.

അതേസമയം ഖുറാൻ വാചകങ്ങൾ നീക്കം ചെയ്തതിന് നഴ്‌സുമാർക്കെതിരെ മതനിന്ദയ്ക്ക് പോലീസ് കേസ് എടുത്തു. ആശുപത്രിയിലെ ഇസ്ലാംമത വിശ്വാസികളായ ജീവനക്കാരുടെ പരാതിയിലാണ് നടപടി. പ്രവാചക നിന്ദ നടത്തിയ നഴ്‌സുമാരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ ആശുപത്രിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചു.

Top