ഐഎസ്എല്ലില്‍ കളിക്കാന്‍ സമ്മര്‍ദ്ദമില്ലെന്ന് ടിം കാഹില്‍

കൊല്‍ക്കൊത്ത: ഐഎസ്എല്ലില്‍ ഈ സീസണില്‍ എത്തിയ ഏറ്റവും പ്രമുഖനായ താരമാണ് ഓസ്‌ട്രേലിയയുടെ ടിം കാഹില്‍. ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കുന്തമുനയാകുമെന്നു കരുതപ്പെടുന്ന താരം തനിക്ക് ടൂര്‍ണമെന്റിലെ പ്രമുഖ താരമാണെന്നതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ കടുപ്പമേറിയതായിരിക്കുമെന്നും, എന്നാല്‍ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതുമെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പിനു ശേഷം നിരവധി ക്ലബുകള്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ ഐഎസ്എല്‍ ആണ് തനിക്ക് ഉചിതമെന്നു തോന്നിയത് കൊണ്ടാണ് ഇന്ത്യയിലെത്തിയതെന്നും കാഹില്‍ പറഞ്ഞു.

38 വയസുകാരനായ തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസിന് ഇതു പോലെ ചെറിയ ഫോര്‍മാറ്റിലുള്ള ടൂര്‍ണ്ണമെന്റുകള്‍ക്ക് യോജിച്ചത് കൊണ്ടാണ് പല ക്ലബുകളെയും തഴഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും താരം വെളിപ്പെടുത്തി.

ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെയും കാഹില്‍ വെളിപ്പെടുത്തി. സച്ചിനാണ് ഏവരുടെയും പ്രിയ താരമെന്നാണ് കാഹില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വിരാട് കൊഹ്‌ലിയും ഓസ്‌ട്രേലിയക്കാര്‍ക്ക് പ്രിയങ്കരനായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊഹ്‌ലിയുടെ ആരാധകനാണ് താനെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്നും കാഹില്‍ അറിയിച്ചു. കളിക്കളത്തില്‍ താരത്തിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും ഏവര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Top