രാജ്യത്തെ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗ് ഐഎസ്എല്‍ തന്നെ

കൊച്ചി: രാജ്യത്തെ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗായി ഐഎസ്എല്ലിനെ തെരഞ്ഞെടുത്തു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് എന്നിവര്‍ മുംബൈയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വിന്‍ഡ്‌സര്‍ ജോണുമായി നടത്തിയ ചര്‍ച്ചയില്‍ ഐഎസ്എല്ലിനെ രാജ്യത്തെ ഒന്നാം ലീഗായി അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എഐഎഫ്എഫ് നിര്‍വാഹക സമിതി നേരത്തേ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു. അത് എഎഫ്‌സി ശരിവയ്ക്കുകയായിരുന്നു. ഇതോടെ ഈ സീസണിലെ ഐഎസ്എല്‍ ജേതാക്കള്‍ക്ക് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പ്ലേഓഫ് കളിക്കാമെന്ന മേന്മയുണ്ട്. ഇന്ത്യയില്‍ നിന്ന് ഒരു ടീമിനുകൂടി അവസരം നല്‍കണമെന്ന അഭ്യര്‍ഥന എഐഎഫ്എഫ് മുന്നോട്ടുവച്ചിട്ടുണ്ട്. ഐലീഗ് ജേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ലക്ഷ്യത്തോടെയാണത്.

ചട്ടങ്ങള്‍ പ്രകാരം രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗ് ജേതാക്കള്‍ക്കും ദേശീയ നോക്കൗട്ട് ചാംപ്യന്‍ഷിപ് ജേതാക്കള്‍ക്കുമാണ് ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫിന് യോഗ്യത. അത്തരമൊരു ദേശീയ നോക്കൗട്ട് ചാംപ്യന്‍ഷിപ് ഇല്ലാത്ത രാജ്യമാണെങ്കില്‍ ടോപ് ലീഗിലെ തന്നെ രണ്ടാം സ്ഥാനക്കാര്‍ക്കാണ് അവസരം. ഇന്ത്യയില്‍ ഫെഡറേഷന്‍ കപ്പ് ആയിരുന്നു ദേശീയ നോക്കൗട്ട് ചാംപ്യന്‍ഷിപ്. ഇപ്പോള്‍ അതില്ല. പകരമുള്ളത് സൂപ്പര്‍ കപ്പാണ്. ദേശീയ നോക്കൗട്ട് ചാംപ്യന്‍ഷിപ്പ് എന്ന പദവി സൂപ്പര്‍ കപ്പിനാണെന്ന് എഐഎഫ്എഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.

Top